D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
എം വി ​ഗോവിന്ദന്റെ ഭാര്യയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധം; കണ്ണൂരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടു
മൂന്ന് തവണ എം.എൽ.എ ആയിരുന്ന എം.വി. ഗോവിന്ദൻ നാലാം തവണ ആ സീറ്റിൽ സ്വന്തം ഭാര്യ പി.കെ. ശ്യാമളയെ ഇരുത്തുന്നത് നീതികേടാണെന്നും, അഴിമതി ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.....

കണ്ണൂരിൽ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അദ്ദേഹം പാർട്ടി വിട്ടത്. മൂന്ന് തവണ എം.എൽ.എ ആയിരുന്ന എം.വി. ഗോവിന്ദൻ നാലാം തവണ ആ സീറ്റിൽ സ്വന്തം ഭാര്യ പി.കെ. ശ്യാമളയെ ഇരുത്തുന്നത് നീതികേടാണെന്നും, അഴിമതി ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയിലെ സംഘടനാ രീതികൾക്കും ധാർമ്മികതയ്ക്കും നിരക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. താൻ ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും യു.ഡി.എഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും ടി.കെ. ഗോവിന്ദൻ വ്യക്തമാക്കി.

സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്ന കടുത്ത എതിർപ്പുകൾ അവഗണിച്ച് എം.വി. ജയരാജൻ ഒറ്റപ്പേര് മാത്രം സംസ്ഥാന കമ്മിറ്റിക്ക് അയച്ചുവെന്നും ഗോവിന്ദൻ പറഞ്ഞു. എ.ൻ. സുകന്യയെപ്പോലെയുള്ളവരെ തഴഞ്ഞ് പി.കെ. ശ്യാമളയെ മാത്രം പരിഗണിച്ചത് ആസൂത്രിതമാണ്. പയ്യന്നൂരിൽ ആരോപണവിധേയനായ ടി.ഐ. മധുസൂദനനെ വീണ്ടും പരിഗണിച്ചതിനെയും അദ്ദേഹം വിമർശിച്ചു. പാർട്ടിയുടെ കണക്കിനേക്കാൾ പയ്യന്നൂരിലെ ജനങ്ങൾ വിശ്വസിക്കുന്നത് വി. കുഞ്ഞികൃഷ്ണനെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ തന്നെ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഭൂരിഭാഗം അംഗങ്ങളും രംഗത്തെത്തിയിട്ടും മാറ്റമുണ്ടാകാത്ത സാഹചര്യത്തിലാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്ന് ടി.കെ. ഗോവിന്ദൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *