ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. ആ ഒരാൾ ആരെന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. അതേസമയം നേതാക്കൾക്ക് വേണ്ടി അണികൾ തെരുവിലിറങ്ങി നടത്തുന്ന പ്രകടനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം ഉണ്ടെന്നാണ് പുറത്തിറങ്ങിയ വി ഡി സതീശൻ അടക്കമുള്ള നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. തങ്ങൾ എല്ലാവരും കോൺഗ്രസുകാർ ആണെന്നും തങ്ങളുടെ നിലപാടുകളും അവകാശവാദങ്ങളും ഹൈക്കമാന്റിന്റെ മുന്നിൽ അവതരിപ്പിച്ചു എന്നും വി ഡി സതീശൻ, കെസി വേണുഗോപാൽ എന്നീ നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി ആരാണ് എന്ന കാര്യം ഹൈക്കമാൻഡ് 23 നകം തന്നെ പ്രഖ്യാപിക്കും. അതിനിടയിൽ ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളോട് പ്രതികരിക്കേണ്ടതില്ല എന്ന നിർദ്ദേശം ലഭിച്ചു എന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ഓരോ നേതാക്കൾക്ക് വേണ്ടിയും കേരളത്തിലെ തെരുവോരങ്ങളിൽ വെച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകളും ബാനറുകളും നീക്കം ചെയ്യാനും അദ്ദേഹം അഭ്യർത്ഥന നടത്തി. അതേസമയം തനിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചിട്ടില്ലെങ്കിൽ പറവൂരിലെ എംഎൽഎ സ്ഥാനവും രാജിവെക്കും എന്ന നിലപാടിലേക്ക് സതീശൻ എത്തിയതായാണ് സൂചന. ശേഷം ഉപതിരഞ്ഞെടുപ്പിൽ പറവൂരിൽ നിന്നും കെസി വേണുഗോപാൽ മത്സരിക്കട്ടെ എന്ന നിലപാടും അദ്ദേഹം വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. അതേസമയം കേരളത്തിലെ 63 കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ ഉള്ള കെസി വേണുഗോപാലിനെയാണ് ഹൈക്കമാന്റെ നിർദേശിച്ചത് എന്ന സൂചനയും പുറത്ത് എത്തുന്നുണ്ട്.



