D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഭാര്യ വീട്ടുജോലി ചെയ്യാത്തത് തെറ്റല്ല, ഭർത്താവും സഹായിക്കണം; സുപ്രീംകോടതി

ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല എന്നത് ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കാലം മാറിക്കൊണ്ടിരിക്കുകയാണെന്നും ഭർത്താവും വീട്ടുജോലികളിൽ പങ്കാളിയാകണമെന്നും കോടതി വ്യക്തമാക്കി. ഒരു വിവാഹമോചനക്കേസ് പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് വിക്രം നാഥിന്റെ നിർണ്ണായക പരാമർശങ്ങൾ. "നിങ്ങൾ വിവാഹം കഴിക്കുന്നത് ജീവിതപങ്കാളിയെയാണ്, അല്ലാതെ വേലക്കാരിയെയല്ല" എന്ന് ഓർമ്മിപ്പിച്ച കോടതി, പാചകം ചെയ്യുന്നതിലും വസ്ത്രം കഴുകുന്നതിലും ഭർത്താവിനും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടി.

2017-ൽ വിവാഹിതരായ ദമ്പതികളാണ് ഈ കേസിലെ കക്ഷികൾ. സ്കൂൾ അധ്യാപകനായ ഭർത്താവ്, ലെക്ചററായ തന്റെ ഭാര്യ പാചകം ചെയ്യാൻ വിസമ്മതിക്കുന്നുവെന്നും തന്നോടും മാതാപിതാക്കളോടും മോശമായി പെരുമാറുന്നുവെന്നും ആരോപിച്ച് വിവാഹമോചനത്തിന് ഹർജി നൽകുകയായിരുന്നു. എന്നാൽ, പ്രസവത്തിന് ശേഷം ഭർത്താവിന്റെ വീട്ടുകാർ സ്വർണ്ണത്തിനും പണത്തിനും വേണ്ടി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും ശമ്പളം നൽകാൻ നിർബന്ധിച്ചുവെന്നും ഭാര്യ കോടതിയിൽ വാദിച്ചു. നേരത്തെ കുടുംബകോടതി വിവാഹമോചനം അനുവദിച്ചിരുന്നെങ്കിലും ഹൈക്കോടതി അത് റദ്ദാക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഭർത്താവ് സമർപ്പിച്ച അപ്പീലാണ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *