തിരുവനന്തപുരം: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്‌നാട്ടിൽ ഏപ്രിൽ 23-ന് വോട്ടെടുപ്പ് നടക്കുമ്പോൾ, പശ്ചിമ ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിൽ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുന്നത്. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
തിരഞ്ഞെടുപ്പിന്റെ ഗസറ്റ് വിജ്ഞാപനം മാർച്ച് 16-ന് പുറപ്പെടുവിക്കും. മാർച്ച് 23 വരെ നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാം. 24-ന് സൂക്ഷ്മപരിശോധനയും, 26 വരെ പത്രിക പിൻവലിക്കാനുള്ള സമയവും അനുവദിച്ചിട്ടുണ്ട്. കേരളത്തിൽ ആകെ 30,471 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തി രാഷ്ട്രീയ പാർട്ടികളുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ പൂർത്തിയാക്കിയ ശേഷമാണ് തീയതികൾ പ്രഖ്യാപിച്ചതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വ്യക്തമാക്കി.



