കൊച്ചി: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ ‘കേരള സ്റ്റോറി 2’ എന്ന ചിത്രത്തിന്റെ പ്രദർശനാനുമതി ഹൈക്കോടതി തടഞ്ഞു. നാളെ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് 15 ദിവസത്തെ ഇടക്കാല സ്റ്റേയാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സെൻസർ ബോർഡ് ചിത്രം വീണ്ടും കണ്ട് പരിശോധിക്കണമെന്ന് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് നിർദ്ദേശിച്ചു. സിനിമയുടെ ഉള്ളടക്കം കേരളത്തിന്റെ മതസൗഹാർദ്ദത്തെ ബാധിക്കുമെന്നും ഹർജിക്കാരുടെ വാദങ്ങളിൽ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ചിത്രത്തിന്റെ ടീസറിൽ ഒരു യുവതിയെ നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയത് വസ്തുതാവിരുദ്ധമാണെന്നാരോപിച്ച് വലിയ പ്രതിഷേധം ഉയർന്നിരുന്നു. സിനിമ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന നിർമ്മാതാക്കളുടെ അവകാശവാദം ശരിയല്ലെന്നും ഇത് കേരളത്തിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. സിനിമ ഒരു കലയാണെങ്കിലും, യാഥാർത്ഥ്യമെന്ന പേരിൽ പ്രകോപനപരമായ ഉള്ളടക്കം നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ടീസറിലെ വിവാദ ഭാഗങ്ങൾ സിനിമയിലില്ലെന്ന് നിർമ്മാതാക്കൾ വാദിച്ചെങ്കിലും അത് കോടതി കണക്കിലെടുത്തില്ല.



