എറണാകുളം: വൈറ്റിലയിൽ കോട്ടയം സ്വദേശിനി സുധാ ബേബി റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പൊന്നൂരുന്നി സ്വദേശിയും ഹൈക്കോടതി മുൻ ജീവനക്കാരനുമായ 63-കാരൻ ഷാജിയെ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മരട് പോലീസ് കാക്കനാട് വെച്ച് പിടികൂടിയിരുന്നു. തലയ്ക്കേറ്റ മാരകമായ ക്ഷതമാണ് സുധയുടെ മരണത്തിന് കാരണമായതെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
മൃതദേഹത്തിൽ മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും മുറിപ്പാടുകളുമുണ്ട്. അമിതമായി രക്തം വാർന്നതും പെട്ടെന്നുള്ള മരണത്തിന് ഇടയാക്കി. ദീർഘകാലമായി സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ ഇന്നലെ രാത്രിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ മൃതദേഹം കണ്ടത്. തുടർന്ന് നടത്തിയ പോലീസ് പരിശോധനയിൽ മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച മൊബൈൽ ഫോണും പരിസരത്തെ സിസിടിവി ദൃശ്യങ്ങളുമാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. സുധയും ഷാജിയും കാറിൽ നിന്നിറങ്ങി നടന്നുപോകുന്ന ദൃശ്യങ്ങളും, പിന്നീട് ഷാജി ഒറ്റയ്ക്ക് മടങ്ങുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. മടങ്ങുന്ന സമയത്ത് ഷാജിയുടെ ഷർട്ടിൽ രക്തക്കറ ഉണ്ടായിരുന്നത് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചു. മരട് പോലീസിന്റെ നേതൃത്വത്തിൽ കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.



