ആലപ്പുഴ മെഡിക്കൽ കോളേജിൽ ഉഷ ജോസഫ് എന്ന രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക മറന്നുവെച്ച സംഭവത്തിൽ ആരോപണവിധേയയായ ഡോക്ടർ ലളിതാംബിക വിചിത്രമായ ന്യായീകരണങ്ങളാണ് ഉയർത്തുന്നത്. അങ്ങനെയൊരു രോഗിയെ തനിക്ക് അറിയില്ലെന്നും ശസ്ത്രക്രിയ നടത്തിയത് താനല്ലെന്നുമാണ് ഡോക്ടറുടെ വാദം. കത്രിക വയറ്റിൽ അഞ്ചല്ല, അമ്പതു കൊല്ലം കിടന്നാലും ഒരു പ്രശ്നവുമില്ലെന്നും ഇത് എപ്പോൾ വെച്ചതാണെന്നതിന് എന്ത് തെളിവുണ്ടെന്നും അവർ ചോദിക്കുന്നു. കോവിഡ് കാലത്ത് മനുഷ്യനന്മയ്ക്കായി ചെയ്ത സേവനം ഇപ്പോൾ തനിക്ക് വിനയായെന്നും അവർ പരിതപിക്കുന്നുണ്ട്.
ശസ്ത്രക്രിയ ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തേണ്ടത് ഫ്ലോർ നഴ്സുമാരാണെന്നും സർക്കാർ ആശുപത്രികളിൽ അങ്ങനെയൊരു തസ്തിക ഉണ്ടോ എന്ന് തനിക്കറിയില്ലെന്നും ഡോക്ടർ പറയുന്നു. നഴ്സുമാർ പറയുന്നത് വിശ്വസിച്ച് ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവ് തുന്നിക്കെട്ടുക മാത്രമാണ് ഡോക്ടർമാർ ചെയ്യുന്നത്. ഇത് വ്യക്തിപരമായ വീഴ്ചയല്ല, മറിച്ച് സിസ്റ്റത്തിന്റെ പരാജയമാണെന്നാണ് ലളിതാംബികയുടെ പക്ഷം. പത്രത്തിലൂടെയാണ് താൻ വിവരം അറിഞ്ഞതെന്നും കഴിഞ്ഞ 38 വർഷത്തെ സേവനത്തിനിടയിൽ താൻ കാണാത്ത രോഗികൾ പോലും തന്റെ പേര് പറയാറുണ്ടെന്നും അവർ അവകാശപ്പെടുന്നു. ഇത്രയും കാലം വേദനയുണ്ടായിട്ടും രോഗി എവിടെയായിരുന്നുവെന്നും ആയുർവേദത്തിലോ ഹോമിയോയിലോ പോയി ചികിത്സിച്ചു കാണുമെന്നും ഡോക്ടർ പരിഹസിച്ചു.



