കൊച്ചി: 'ദ കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സെൻസർ ബോർഡിനും ചിത്രത്തിന്റെ നിർമ്മാതാക്കൾക്കും ഹൈക്കോടതി നോട്ടീസയച്ചു. അടുത്ത ചൊവ്വാഴ്ച ഹർജി വീണ്ടും പരിഗണിക്കും. ദേശീയ പുരസ്കാര ജേതാവ് കാമാഖ്യ നാരായണ സിങ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം ഉൾപ്പെടെ ടീസറിലുണ്ടായിരുന്നത് സോഷ്യൽ മീഡിയയിലടക്കം വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചു.
കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും വിദ്വേഷം വിതയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ് ചിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിമർശിച്ചു. മതസൗഹാർദ്ദത്തിന്റെ നാടായ കേരളത്തെ ഭീകരവാദ കേന്ദ്രമായി ചിത്രീകരിക്കാനുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി എതിർക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഹ്വാനം ചെയ്തു. വിപുൽ ഷാ നിർമ്മിക്കുന്ന ഈ ചിത്രം 2026 ഫെബ്രുവരി 27-ന് തിയേറ്ററുകളിൽ എത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.



