തമിഴക വെട്രി കഴകം നേതാവ് വിജയിയുമായി ചേർത്ത് ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ നടത്തിയ അധിക്ഷേപ പരാമർശത്തിൽ രൂക്ഷമായ പ്രതികരണവുമായി നടി തൃഷ കൃഷ്ണ. തന്റെ അഭിഭാഷകൻ മുഖേന പുറത്തിറക്കിയ പ്രസ്താവനയിൽ, ഉയർന്ന പദവിയിലിരിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും മ്ലേച്ഛമായ പരാമർശം പ്രതീക്ഷിച്ചിരുന്നില്ലെന്ന് തൃഷ വ്യക്തമാക്കി. രാഷ്ട്രീയത്തിൽ എന്നും നിഷ്പക്ഷ നിലപാട് സ്വീകരിച്ചിട്ടുള്ള തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും അങ്ങനെയാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും നടി അറിയിച്ചു.
തന്റെ അഭിനയത്തിലൂടെ മാത്രം അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തിപരമായ ജീവിതത്തെ ഇത്തരം പൊതുവ്യാഖ്യാനങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും പ്രസ്താവനയിൽ പറയുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ രാഷ്ട്രീയ വിഷയങ്ങളിൽ തന്റെ പേര് അനാവശ്യമായി ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും ഇത്തരം അധിക്ഷേപങ്ങളോട് എന്നും വിയോജിപ്പ് പ്രകടിപ്പിക്കുമെന്നും തൃഷ കൂട്ടിച്ചേർത്തു. വിജയ് രാഷ്ട്രീയത്തിൽ വിജയിക്കണമെങ്കിൽ തൃഷയെ വിട്ട് പുറത്തുവരണമെന്ന നൈനാർ നാഗേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.



