സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് നിർമാതാവിന് ഉണ്ടായ നഷ്ടത്തിന് പരിഹാരമായി നടൻ ബിജു മേനോൻ 15 ലക്ഷം രൂപ നൽകണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർദ്ദേശിച്ചു. നിർമ്മാതാവ് അനൂപ് കണ്ണന് സംഭവിച്ച നഷ്ടം നികത്തുന്നതിനാണ് ഈ നടപടി. നിലവിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രതിഫലത്തിൽ നിന്ന് ഈ തുക നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. തുക നൽകിയില്ലെങ്കിൽ ബിജു മേനോനുമായി സഹകരിക്കില്ലെന്നും അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം അറിയിച്ച് നടന് ഔദ്യോഗികമായി കത്ത് നൽകി.
കരാറിൽ ഒപ്പുവെച്ച ശേഷം പ്രമോഷൻ പരിപാടികളിൽ നിന്ന് ബിജു മേനോൻ വിട്ടുനിന്നത് മൂലം നിർമ്മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ നേരത്തെ ആരോപിച്ചിരുന്നു. പ്രമോഷന് താരം എത്താതിരുന്നതിനാൽ ചാനലുകളിൽ നിന്ന് ലഭിക്കേണ്ട തുകയിൽ കുറവുണ്ടായെന്നും, ജിത്തു ജോസഫിന്റെ ചിത്രത്തിലും സമാനമായ രീതിയിൽ ബിജു മേനോൻ സഹകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ പ്രവണത ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ നിർണ്ണായക നടപടിയുമായി സിനിമാ സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്.



