D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ജനനായകൻ ഇനിയും വിയർക്കും! ‌കുരുക്കായി സെൻസർ സർട്ടിഫിക്കറ്റ്, റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
ഇതോടെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. ചിത്രത്തിന്റെ റിലീസ് അനുമതി നിഷേധിച്ച കോടതി, സെൻസർ ബോർഡ് നൽകിയ അപ്പീലിൽ കേസ് സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ചീഫ് ജസ്റ്റിസ് എം.എം. ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാനുള്ള തീരുമാനത്തെ നിർമ്മാതാക്കൾ ആദ്യം ചോദ്യം ചെയ്തില്ലെന്നും, കോടതിയിൽ മറുപടി നൽകാൻ തങ്ങൾക്ക് മതിയായ സാവകാശം ലഭിച്ചില്ലെന്നുമാണ് സെൻസർ ബോർഡിന്റെ (CBFC) പ്രധാന വാദം. എന്നാൽ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങളെല്ലാം വരുത്തിയിട്ടും ക്ലിയറൻസ് നൽകാതെ റിലീസ് വൈകിപ്പിക്കുന്നത് നീതികേടാണെന്ന് നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് കോടതിയിൽ വ്യക്തമാക്കി.

രാഷ്ട്രീയ പ്രവേശത്തിന് മുൻപ് വിജയ് അഭിനയിക്കുന്ന അവസാന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ‘ജനനായകൻ’ നൽകുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ത്രില്ലർ ജനുവരി ഒൻപതിന് പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്നെങ്കിലും സെൻസർ ബോർഡുമായുള്ള തർക്കം കാരണം മാറ്റിവയ്ക്കേണ്ടി വന്നു. നിലവിലെ കോടതി ഇടപെടലോടെ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *