നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത 'കസബ'യിലെ രാജൻ സക്കറിയ എന്ന കഥാപാത്രം മമ്മൂട്ടിയുടെ ശ്രദ്ധേയമായ പോലീസ് വേഷങ്ങളിലൊന്നായിരുന്നു. എന്നാൽ, ഈ ചിത്രം വലിയ രീതിയിലുള്ള സ്ത്രീവിരുദ്ധതാ വിവാദങ്ങൾക്കും വഴിവച്ചു. ചിത്രത്തിലെ നായകൻ സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുന്നു എന്നാരോപിച്ച് പാർവതി തിരുവോത്ത്, ഗീതു മോഹൻദാസ് തുടങ്ങിയവർ ഉൾപ്പെട്ട സിനിമയിലെ സ്ത്രീ കൂട്ടായ്മ രംഗത്തെത്തി. 2017-ലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വച്ച് പാർവതി ഈ ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ തുറന്നടിച്ചത് വലിയ സൈബർ ആക്രമണങ്ങൾക്കും ചർച്ചകൾക്കും കാരണമായി. ഗീതു മോഹൻദാസിന്റെ പുതിയ ചിത്രമായ 'ടോക്സിക്' പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ഈ പഴയ വിവാദങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്.
'കസബ' സൃഷ്ടിച്ച ഈ വിവാദങ്ങൾ തന്റെ സിനിമയെയും ബാധിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ സേതു. മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്ത 'ഒരു കുട്ടനാടൻ ബ്ലോഗ്' എന്ന ചിത്രത്തിന്റെ ആദ്യ പേര് 'കോഴി തങ്കച്ചൻ' എന്നായിരുന്നു. എന്നാൽ 'കസബ'യുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കുന്ന സമയത്ത് ഇത്തരമൊരു പേരിൽ സിനിമ ഇറങ്ങുന്നത് മമ്മൂട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കരുതിയാണ് ആ പേര് വേണ്ടെന്നുവെച്ചത്. ഒരു സ്ത്രീലമ്പടനായ കഥാപാത്രത്തെ മമ്മൂട്ടി അതുവരെ ചെയ്തിട്ടില്ലാത്തതിനാൽ വ്യത്യസ്തമായ ഒന്നായിരിക്കുമിതെന്ന് കരുതിയെങ്കിലും, പ്രേക്ഷകർ തന്നെ അത്തരമൊരു വേഷത്തിൽ കാണാൻ ആഗ്രഹിക്കുന്നുണ്ടാകില്ലെന്ന് മമ്മൂട്ടി തന്നെ അഭിപ്രായപ്പെട്ടതോടെ സിനിമയുടെ പേരും കഥയും മാറ്റുകയായിരുന്നു. അങ്ങനെ കഥയിൽ മാറ്റങ്ങൾ വരുത്തിയാണ് ചിത്രം 'ഒരു കുട്ടനാടൻ ബ്ലോഗ്' ആയി പുറത്തിറങ്ങിയത്.



