മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി. ഡാനിയേൽ പുരസ്കാരം പ്രശസ്ത നടി ശാരദയ്ക്ക്. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണിത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം 2026 ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. ശ്രീകുമാരൻ തമ്പി ചെയർപേഴ്സണും നടി ഉർവശി, സംവിധായകൻ ബാലു കിരിയത്ത് എന്നിവർ അംഗങ്ങളുമായ സമിതിയാണ് ശാരദയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഈ ബഹുമതി ലഭിക്കുന്ന 32-ാമത്തെ ചലച്ചിത്രപ്രതിഭയാണ് ശാരദ.
അറുപതുകൾ മുതൽ രണ്ട് പതിറ്റാണ്ടോളം മലയാളി സ്ത്രീത്വത്തെ തിരശ്ശീലയിൽ അനശ്വരമാക്കിയ നടിയാണ് ശാരദയെന്ന് ജൂറി അഭിപ്രായപ്പെട്ടു. 1968-ൽ 'തുലാഭാരം' എന്ന ചിത്രത്തിലൂടെയും 1972-ൽ 'സ്വയംവരം' എന്ന ചിത്രത്തിലൂടെയും മലയാളത്തിലേക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഇവർ എത്തിച്ചു. ഇതിനുപുറമെ 1977-ൽ 'നിമജ്ജനം' എന്ന തെലുങ്ക് ചിത്രത്തിലൂടെ മൂന്നാം തവണയും ഇവർ ദേശീയ പുരസ്കാരം നേടി. മുറപ്പെണ്ണ്, ത്രിവേണി, മൂലധനം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ലെന്നും ജൂറി വിലയിരുത്തി.



