D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ജനനായകന്‍ നീതിക്കായി സുപ്രീംകോടതിയിലേക്ക്; കെവിഎന്‍ പ്രൊഡക്ഷന്‍സ് സൂപ്രീംകോടതിയെ സമീപിച്ചു
തങ്ങളുടെ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ അവസരം നൽകാതെയാണ് വിധി പുറപ്പെടുവിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി...

വിജയ് ചിത്രം 'ജനനായകൻ' റിലീസുമായി ബന്ധപ്പെട്ട നിയമപോരാട്ടം സുപ്രീംകോടതിയിലേക്ക്. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് നൽകണമെന്ന മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതിനെതിരെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് സുപ്രീംകോടതിയെ സമീപിച്ചു. നേരത്തെ ജസ്റ്റിസ് പി.ടി. ആശയുടെ സിംഗിൾ ബെഞ്ച് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ടിരുന്നുവെങ്കിലും, സെൻസർ ബോർഡ് നൽകിയ അപ്പീലിൽ ചീഫ് ജസ്റ്റിസ് എം.എം. ശ്രീവാസ്തവയുടെ ബെഞ്ച് ഈ വിധി സ്റ്റേ ചെയ്യുകയായിരുന്നു.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ സെൻസർ ബോർഡിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, സിംഗിൾ ബെഞ്ച് നടപടി ഏകപക്ഷീയമാണെന്ന് വാദിച്ചു. തങ്ങളുടെ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ അവസരം നൽകാതെയാണ് വിധി പുറപ്പെടുവിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാനുള്ള സെൻസർ ബോർഡ് ചെയർപേഴ്‌സന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് നിർമ്മാതാക്കൾക്ക് വേണ്ടി ഹാജരായ മുകുൾ രോത്തഗി വാദിച്ചു. എന്നാൽ, സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുൻപ് എങ്ങനെ റിലീസ് തീയതി പ്രഖ്യാപിച്ചുവെന്നും കുറച്ചുദിവസം കഴിഞ്ഞ് സിനിമ റിലീസ് ചെയ്യുന്നതിൽ എന്താണ് കുഴപ്പമെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു.

സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ച് രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച സാഹചര്യത്തിലാണ് നിർമ്മാതാക്കൾ അടിയന്തരമായി സുപ്രീംകോടതിയെ അഭയം പ്രാപിച്ചിരിക്കുന്നത്. പൊങ്കൽ റിലീസ് ലക്ഷ്യമിട്ടിരുന്ന ചിത്രമായതിനാൽ സുപ്രീംകോടതിയുടെ തീരുമാനം വിജയ് ആരാധകർക്കും തമിഴ് സിനിമാ ലോകത്തിനും നിർണ്ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *