D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
നരേന്ദ്രമോദി ശബരിമല സന്ദർശനായി എത്തും?
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാർച്ച് അവസാനവാരം കേരളത്തിലെത്തുന്ന പ്രധാനമന്ത്രി...

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ശബരിമല ദർശനത്തിന് എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. രാഷ്ട്രപതി ദ്രൗപതി മുർമു കഴിഞ്ഞ ഒക്ടോബറിൽ ശബരിമല സന്ദർശിച്ചതിന് പിന്നാലെയാണ് ഇരുവരുടെയും സന്ദർശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാർച്ച് അവസാനവാരം കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ആ സമയത്ത് സന്നിധാനത്ത് ദർശനം നടത്തിയേക്കും. അമിത് ഷാ അടുത്ത മാസപൂജ വേളയിൽ ദർശനത്തിനെത്തുമെന്നും സൂചനയുണ്ട്.

അതേസമയം, ശബരിമലയിൽ ഭക്തജനങ്ങളുടെ തിരക്ക് വൻതോതിൽ വർദ്ധിച്ചിരിക്കുകയാണ്. മകരവിളക്ക് ദർശനത്തിനായി കാൽനടയായി കാനനപാതയിലൂടെ എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ മാത്രം 12,080 പേർ കരിമല വഴി എത്തിയതായാണ് കണക്കുകൾ. മകരവിളക്ക് ഉത്സവത്തിനും ജ്യോതി ദർശനത്തിനുമായി വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡ് സജ്ജീകരിച്ചിരിക്കുന്നത്. ലക്ഷത്തിലധികം ഭക്തർ ജ്യോതി ദർശനത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എത്തുന്ന തീർത്ഥാടകർക്ക് പാണ്ടിത്താവളത്തും പർണ്ണശാലയിലും സൗജന്യ ഭക്ഷണ വിതരണം ഏർപ്പെടുത്തിയിട്ടുണ്ട്.

മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും പരിസരപ്രദേശങ്ങളിലും കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഈ മാസം 12 മുതൽ 15 വരെ ആങ്ങമൂഴി കൊച്ചാണ്ടി ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. പമ്പയിലും സന്നിധാനത്തും ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ ദേവസ്വം ബോർഡും പോലീസും കർശന ജാഗ്രതയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *