പാലക്കാട് കഞ്ചിക്കോട് അഞ്ചുവയസ്സുകാരിയോട് രണ്ടാനമ്മ കാട്ടിയ കൊടുംക്രൂരതയുടെ വിവരങ്ങൾ പുറത്ത്. കിടക്കയിൽ മൂത്രമൊഴിച്ചതിനെത്തുടർന്ന് കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പഴുപ്പിച്ച ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ ബിഹാർ സ്വദേശിനിയായ നൂർ നാസറിനെ കഞ്ചിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി രണ്ടാം തീയതിയാണ് ഈ ക്രൂരകൃത്യം നടന്നതെങ്കിലും കുട്ടി അങ്കണവാടിയിൽ എത്തിയപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.
അങ്കണവാടിയിൽ ഇരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്ത കുട്ടിയെ അധ്യാപിക പരിശോധിച്ചപ്പോഴാണ് ശരീരത്തിലെ ഗുരുതരമായ മുറിവുകൾ കണ്ടെത്തിയത്. ഉടൻതന്നെ അധ്യാപിക പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ മുൻപും ഇവർ ഉപദ്രവിച്ചിരുന്നതായി പോലീസിന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.
പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. കുട്ടിക്ക് ആവശ്യമായ ചികിത്സയും കൗൺസിലിംഗും ഉറപ്പാക്കിയതായി അധികൃതർ അറിയിച്ചു. പ്രതിക്കെതിരെ കൂടുതൽ കർശനമായ വകുപ്പുകൾ ചുമത്താനാണ് പോലീസിന്റെ നീക്കം.



