കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ചേർത്ത് പ്രചരിക്കുന്ന വ്യാജ വാർത്തകളിലും സോഷ്യൽ മീഡിയാ ട്രോളുകളിലും പ്രതികരണവുമായി നടി പൂനം കൗർ. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി പൂനം കൗറിന്റെ കൈപിടിച്ചു നടത്തുന്ന ചിത്രം ദുരുപയോഗം ചെയ്ത് ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയ സാഹചര്യത്തിലാണ് താരം വിശദീകരണവുമായി എത്തിയത്. രാഹുൽ ഗാന്ധിയുമായുള്ള ചിത്രത്തെ അപകീർത്തികരമായ രീതിയിൽ വ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം വേദനാജനകമാണെന്ന് പൂനം കൗർ വ്യക്തമാക്കി.
യാത്രയ്ക്കിടെ താൻ കാൽ വഴുതി വീഴാൻ പോയപ്പോഴാണ് താങ്ങായി രാഹുൽ ഗാന്ധി കൈപിടിച്ചതെന്ന് പൂനം കൗർ പറഞ്ഞു. "ഇത് തികച്ചും അപകീർത്തിപ്പെടുത്തുന്നതാണ്. പ്രധാനമന്ത്രി നാരീശക്തിയെക്കുറിച്ച് സംസാരിക്കുന്നത് ഓർക്കുക. ഞാൻ വഴുതി വീഴാൻ പോയപ്പോഴാണ് അദ്ദേഹം എന്റെ കൈപിടിച്ച് സഹായിച്ചത്," താരം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ ബഹുമാനവും സംരക്ഷണ മനോഭാവവും തന്നെ സ്പർശിച്ചുവെന്നും പൂനം കൂട്ടിച്ചേർത്തു.
നേരത്തെ, ബിജെപി നേതാവ് പ്രീതി ഗാന്ധിയാണ് രാഹുൽ ഗാന്ധിയും പൂനം കൗറും കൈകോർത്ത് നടക്കുന്ന ചിത്രം "തന്റെ മുത്തച്ഛന്റെ പാത പിന്തുടരുന്നു" എന്ന പരിഹാസക്കുറിപ്പോടെ പങ്കുവെച്ചത്. ഇതിനെതിരെ കോൺഗ്രസ് നേതാക്കളും വ്യാപകമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തെലങ്കാനയിലെ നെയ്ത്തുകാരുടെ പ്രശ്നങ്ങൾ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് പൂനം കൗർ ഭാരത് ജോഡോ യാത്രയുടെ ഭാഗമായത്. വിവാദങ്ങൾക്കിടയിലും രാഹുൽ ഗാന്ധി തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറായതിന് നെയ്ത്തുകാർക്ക് വേണ്ടി നന്ദി അറിയിക്കുന്നതായും പൂനം കൗർ പറഞ്ഞു.



