ദളപതി വിജയ് നായകനാകുന്ന 'ജനനായകൻ' എന്ന ചിത്രത്തിന്റെ റിലീസിനായി ആരാധകരും സിനിമാ ലോകവും ആവേശത്തോടെ കാത്തിരിക്കുകയാണ്. ജനുവരി 9-ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നതിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ കണ്ടതിന് പിന്നാലെ വിജയിക്കും അണിയറ പ്രവർത്തകർക്കും പ്രശംസയുമായി നടൻ രവി മോഹൻ രംഗത്തെത്തിയിരിക്കുകയാണ്. വിജയ് ഇപ്പോൾ തന്നെ വിജയിച്ചു കഴിഞ്ഞുവെന്നും ട്രെയിലർ തനിക്ക് അത്രമേൽ ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. താൻ വിജയിന്റെ വലിയൊരു ആരാധകനാണെന്നും സംവിധായകൻ എച്ച്. വിനോദിനും സിനിമയുടെ മുഴുവൻ സംഘത്തിനും ആശംസകൾ നേരുന്നുവെന്നും രവി മോഹൻ കൂട്ടിച്ചേർത്തു.
അതേസമയം, രവി മോഹൻ പ്രധാന വേഷത്തിലെത്തുന്ന 'പരാശക്തി' എന്ന ചിത്രവും ഈ മാസം തന്നെയാണ് റിലീസ് ചെയ്യുന്നത്. ജനുവരി 19-നാണ് പരാശക്തിയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ജനുവരി 9-ന് ജനനായകനും തൊട്ടുപിന്നാലെ പരാശക്തിയും റിലീസ് ചെയ്യുന്നതിൽ വിജയ് ആരാധകർക്കിടയിൽ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ശിവകാർത്തികേയന്റെ പോസ്റ്ററുകൾ നശിപ്പിച്ചതും ട്രെയിലർ ലോഞ്ചിനിടെ ആരാധകർ മുദ്രാവാക്യം വിളിച്ചതും വലിയ വിവാദങ്ങൾക്ക് വഴിമാറിയിരുന്നു. സോഷ്യൽ മീഡിയയിൽ ഇത്തരം തർക്കങ്ങൾ മുറുകുന്നതിനിടെയാണ് വിജയിയെ പ്രശംസിച്ചുകൊണ്ട് രവി മോഹൻ എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി' തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ശിവകാർത്തികേയൻ, അഥർവ മുരളി, ശ്രീലീല എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിൽ റെയിൽവേയിൽ കൽക്കരി നീക്കുന്ന തൊഴിലാളിയായാണ് ശിവകാർത്തികേയൻ അഭിനയിക്കുന്നത്. താരങ്ങൾ തമ്മിലുള്ള സൗഹൃദം നിലനിൽക്കുമ്പോഴും ആരാധകർ തമ്മിലുള്ള വാദപ്രതിവാദങ്ങൾ തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.



