ഗുവാഹത്തിയിൽ വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ വാർത്തയിൽ വിശദീകരണവുമായി നടൻ ആശിഷ് വിദ്യാർത്ഥി രംഗത്തെത്തി. താനും ഭാര്യ രൂപാലി ബറുവയും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണത്തിന് ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ മോട്ടോർ സൈക്കിൾ ഇവരെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു.
തനിക്ക് ചെറിയ പരിക്കുകൾ മാത്രമാണുള്ളതെന്നും ഭാര്യ രൂപാലി നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും ഇൻസ്റ്റാഗ്രാം ലൈവിലൂടെ താരം വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ഗുവാഹത്തി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ ബോധം വീണ്ടെടുത്തതായി പോലീസ് അറിയിച്ചെന്നും താരം പറഞ്ഞു. അപകടസമയത്ത് സഹായിച്ച നാട്ടുകാർക്കും ഡോക്ടർമാർക്കും നന്ദി പറഞ്ഞ ആശിഷ് വിദ്യാർത്ഥി, സംഭവത്തെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ആരാധകരോട് അഭ്യർത്ഥിച്ചു.



