സോഷ്യൽ മീഡിയയിലെ യുവതാരങ്ങളെ അണിനിരത്തി ശ്രദ്ധേയമായ 'വാഴ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ "വാഴ II – ബയോപിക് ഓഫ് ബില്യൺ ബ്രോസ്" എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ സവിൻ സ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് വിപിൻ ദാസാണ്. ഹാഷിർ, അമീൻ തുടങ്ങിയ പുതുമുഖങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗ്ഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്ന് വിവിധ പ്രൊഡക്ഷൻ ബാനറുകളിലായാണ് ചിത്രം നിർമ്മിക്കുന്നത്. അഖിൽ ലൈലാസുരൻ ഛായാഗ്രഹണവും കണ്ണൻ മോഹൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ബാബു പിള്ള (കല), സുധി സുരേന്ദ്രൻ (മേക്കപ്പ്), അശ്വതി ജയകുമാർ (കോസ്റ്റ്യൂംസ്), അരുൺ എസ് മണി (സൗണ്ട് ഡിസൈൻ) എന്നിങ്ങനെ വലിയൊരു സാങ്കേതിക നിര തന്നെ ചിത്രത്തിന് പിന്നിലുണ്ട്. ഐക്കൺ സിനിമാസ് വിതരണത്തിനെടുത്തിരിക്കുന്ന ഈ ചിത്രം വരാനിരിക്കുന്ന വേനലവധിക്ക് തിയേറ്ററുകളിൽ എത്തും.



