മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 14 വർഷമായി രോഗാവസ്ഥയിലായിരുന്ന അമ്മയുടെ ആരോഗ്യനില മൂന്ന് മാസം മുമ്പാണ് കൂടുതൽ വഷളായത്. വിയോഗസമയത്ത് മോഹൻലാലും ഭാര്യ സുചിത്രയും കൊച്ചിയിലെ വീട്ടിലുണ്ടായിരുന്നു. മമ്മൂട്ടി ഉൾപ്പെടെയുള്ള പ്രമുഖർ വീട്ടിലെത്തി മോഹൻലാലിനെ ആശ്വസിപ്പിച്ചു.
മൃതദേഹം വൈകിട്ട് വരെ കൊച്ചിയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് റോഡ് മാർഗം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. തിരുവനന്തപുരം മുടവൻമുകളിലെ വസതിയിൽ നാളെ രാവിലെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേലാൽ മറ്റൊരു മകനാണ്.
അമ്മയുമായി വലിയ ആത്മബന്ധം പുലർത്തിയിരുന്ന മോഹൻലാൽ, തനിക്ക് ലഭിക്കുന്ന ഓരോ വലിയ പുരസ്കാരങ്ങളും ആദ്യം സമർപ്പിച്ചിരുന്നത് അമ്മയ്ക്കായിരുന്നു. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോഴും ആദ്യം അമ്മയെ കാണാനാണ് അദ്ദേഹം എളമക്കരയിലെ വീട്ടിലെത്തിയത്. അമ്മയുടെ കഴിഞ്ഞ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.



