നടൻ ശ്രീനിവാസന്റെ വിയോഗവാർത്ത മലയാള സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരുന്നു. സിനിമാ മേഖലയിലെ ഒട്ടുമിക്ക പ്രമുഖരും അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയപ്പോൾ, നടൻ ജയറാമിന്റെ അസാന്നിധ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചു. അടുത്ത സുഹൃത്തായിട്ടും ജയറാം എത്താതിരുന്നത് എന്തുകൊണ്ടാണെന്നും, വിവാഹങ്ങൾക്ക് മാത്രം പോകുന്ന ആളാണോ ജയറാം എന്നും തുടങ്ങിയ രീതിയിലുള്ള രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്.
എന്നാൽ, ഈ വിഷയത്തിൽ വ്യക്തത വരുത്തി ജയറാം തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. അപ്രതീക്ഷിതമായി താൻ അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിൽ ആയതിനാലാണ് വരാൻ കഴിയാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു അതെന്നും, അല്ലെങ്കിൽ തീർച്ചയായും തന്റെ പ്രിയ സുഹൃത്തിനെ കാണാൻ എത്തുമായിരുന്നുവെന്നും ജയറാം വ്യക്തമാക്കി. ശ്രീനിവാസന്റെ വിയോഗത്തിൽ താൻ അങ്ങേയറ്റം ദുഃഖിതനാണെന്നും അത്രമാത്രം സങ്കടമുള്ളതിനാൽ എന്ത് പറയണമെന്ന് അറിയില്ലെന്നും വികാരാധീനനായി അദ്ദേഹം കൂട്ടിച്ചേർത്തു.



