നടൻ വിജയുടെ കരിയറിലെ അവസാന ചിത്രമായ 'ജനനായകന്റെ' ഓഡിയോ ലോഞ്ച് മലേഷ്യയിൽ വൻ ജനപങ്കാളിത്തത്തോടെ നടന്നു. മലേഷ്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത പരിപാടി എന്ന നിലയിൽ ഇത് മലേഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചു. ചടങ്ങിൽ ആരാധകരെ അഭിസംബോധന ചെയ്ത വിജയ്, നടൻ അജിത്തിനെ തന്റെ 'നൻപൻ' (കൂട്ടുകാരൻ) എന്ന് വിശേഷിപ്പിച്ചത് ശ്രദ്ധേയമായി. ശ്രീലങ്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തമിഴ് വംശജരുള്ള വിദേശരാജ്യമായ മലേഷ്യയിലെ ആരാധകരോട് തനിക്കുള്ള പ്രത്യേക സ്നേഹവും അദ്ദേഹം പങ്കുവെച്ചു.
തന്റെ ജീവിതത്തിൽ ആരാധകരാണ് ഏറ്റവും പ്രധാനപ്പെട്ടവരെന്നും വരാനിരിക്കുന്ന 30-33 വർഷക്കാലം അവർക്ക് വേണ്ടി നിലകൊള്ളുമെന്നും വിജയ് പ്രഖ്യാപിച്ചു. സിനിമയിൽ നിന്ന് മാറി നിൽക്കുന്നതും ആരാധകർക്ക് വേണ്ടിയാണെന്നും, രാഷ്ട്രീയത്തിലൂടെ അവർക്ക് നൽകാനുള്ള കടപ്പാട് വീട്ടുമെന്നും അദ്ദേഹം ഉറപ്പുനൽകി. ജീവിതത്തിൽ വിജയിക്കാൻ സുഹൃത്തുക്കൾക്കൊപ്പം തന്നെ ശക്തനായ ഒരു ശത്രു കൂടി ഉണ്ടാകുന്നത് നല്ലതാണെന്നും എങ്കിൽ മാത്രമേ നമ്മളും ശക്തരാവുകയുള്ളൂവെന്നും വിജയ് കൂട്ടിച്ചേർത്തു. അതേസമയം, ആരെയും വേദനിപ്പിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം ഉപദേശിച്ചു.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ' ജനുവരി 9-ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് സീ തമിഴിലും സീ 5-ലും സംപ്രേഷണം ചെയ്യും. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ് തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.



