നടൻ വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ഭാരവാഹിത്വത്തെയും അവഗണനയെയും ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ രണ്ട് നേതാക്കൾ ജീവനൊടുക്കാൻ ശ്രമിച്ചു. തൂത്തുക്കുടി ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിക്കപ്പെട്ടതിൽ മനംനൊന്താണ് വനിതാ നേതാവ് അജിത അഗ്നിവേൽ വിഷഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പാർട്ടി രൂപീകരണം മുതൽ സജീവമായിരുന്ന തന്നെ അവഗണിച്ച്, പ്രവർത്തനങ്ങളിൽ സജീവമല്ലാത്ത സാമുവൽ രാജ് എന്നയാളെ ജില്ലാ സെക്രട്ടറിയായി പ്രഖ്യാപിച്ചതാണ് അജിതയെ പ്രകോപിപ്പിച്ചത്.
ഇതിനെതിരെ വിജയുടെ കാർ തടഞ്ഞും പാർട്ടി ഓഫീസിന് മുന്നിൽ ധർണ്ണയിരുന്നും അവർ പ്രതിഷേധിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ പാർട്ടി പ്രവർത്തകരിൽ നിന്ന് നേരിട്ട കടുത്ത സൈബർ ആക്രമണവും 'ഡിഎംകെ ചാര' എന്ന വിളികളും അവരെ മാനസികമായി തളർത്തി. നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് അജിത.
സമാനമായ മറ്റൊരു സംഭവത്തിൽ, തിരുവള്ളൂർ പൂണ്ടി സൗത്ത് യൂണിയൻ യുവജന വിഭാഗം സെക്രട്ടറി സത്യനാരായണനും (വിജയ് സതീഷ്) ജീവനൊടുക്കാൻ ശ്രമിച്ചു. ക്രിസ്മസ്-പുതുവത്സര ബാനറുകളിൽ തന്റെ ചിത്രം ഉൾപ്പെടുത്തിയില്ലെന്ന കാരണത്താൽ പ്രാദേശിക സെക്രട്ടറി ഭീഷണിപ്പെടുത്തിയതാണ് സത്യനാരായണനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. ശുചിമുറി വൃത്തിയാക്കുന്ന ദ്രാവകം കുടിച്ച ഇയാളെ തിരുവള്ളൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരസ്യമായ പ്രതിഷേധങ്ങളിലേക്കും ആത്മഹത്യാ ശ്രമങ്ങളിലേക്കും നീങ്ങുന്നത് ടിവികെയ്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.



