നടൻ ശ്രീനിവാസന്റെ ഡ്രൈവറായി 17 വർഷം കൂടെയുണ്ടായിരുന്ന ഷിനോജ് പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തന്നെ ഒരു ഡ്രൈവറായല്ല, മറിച്ച് സ്വന്തം മകനെപ്പോലെയാണ് ശ്രീനിവാസൻ സ്നേഹിച്ചതെന്ന് ഷിനോജ് ഓർക്കുന്നു. ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും ഇക്കാലമത്രയും അദ്ദേഹം തന്നെ വേദനിപ്പിച്ചിട്ടില്ലെന്നും, ജീവിതത്തിൽ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളൊന്നുമില്ലെന്ന് എപ്പോഴും ധൈര്യം നൽകുമായിരുന്നുവെന്നും ഷിനോജ് കുറിച്ചു.
താൻ ആവശ്യങ്ങളൊന്നും ചോദിക്കില്ലെന്ന് മനസ്സിലാക്കി വിനീത് ശ്രീനിവാസനോടും ധ്യാനിനോടും സംസാരിച്ച് ചോറ്റാനിക്കരയിൽ തനിക്കൊരു വീട് വാങ്ങി നൽകിയ കാര്യവും ഷിനോജ് വെളിപ്പെടുത്തി. ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ആ വീടെന്ന് അദ്ദേഹം പറയുന്നു. "ഇനി എവിടെയാണെങ്കിലും അവിടെ ഒരു ഡ്രൈവറുടെ ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കരുതേ സർ" എന്ന വാക്കുകളോടെയാണ് ഷിനോജ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഷിനോജ് പങ്കുവെച്ച കുറിപ്പ്
പ്രിയപ്പെട്ട ശ്രീനി സർ.. ഒരുപാട് ഇഷ്ട്ടമായിരുന്നു സാറിന്റെ കൂടെയുള്ള യാത്രകൾ. ഇക്കാല മത്രയും ഒരു ഡ്രൈവർ ആയിട്ടല്ല സാറിന്റെ മക്കളെ പോലെ തന്നെ എന്നെ കണ്ടു സ്നേഹിച്ചു. ഒരു നോട്ടം കൊണ്ടോ വാക്കുകൾ കൊണ്ടോ ഇന്നേവരെ എന്റെ മനസ്സ് വേദനിപ്പിച്ചിട്ടില്ല. ഷിനോജിനു എന്ത് ആവിശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാ മതി ജീവിതത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് എപ്പോഴും പറയാറുള്ള ശ്രീനി സർ ഇപ്പൊ കൂടെ ഇല്ല. ആവിശ്യങ്ങൾ ഒന്നും തന്നെ ഒരിക്കലും ഞാൻ ചോദിക്കില്ല എന്ന് സാറിന് അറിയാവുന്നത് കൊണ്ടായിരിക്കാം വിനീതേട്ടനോടും ധ്യാനിനോടും പറഞ്ഞ് ചോറ്റാനിക്കരയിൽ സ്ഥലം വാങ്ങി വീട് വെച്ച് തന്നത്.. എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനം The gift of legend. സാറിനെ പൊന്ന് പോലെ നോക്കിയ വിമല ടീച്ചറെ ഒരിക്കലും മറക്കാൻ കഴിയില്ല ചേച്ചിക്ക് സാറായിരുന്നു ലോകം.. എവിടെ ആണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു ഡ്രൈവറുടെ ആവിശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കരുതേ സർ. എന്നും ഓർമ്മിക്കാൻ ഒരു പാട് നല്ല ഓർമ്മകൾ സമ്മാനിച്ച ശ്രീനി സാറിന് ഹൃദയം നിറഞ്ഞ നന്ദി



