പിതാവായ ശ്രീനിവാസന്റെ വേർപാടിൽ തളർന്നിരിക്കുന്ന ധ്യാൻ ശ്രീനിവാസനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി നടിയും തിയേറ്റർ ആർട്ടിസ്റ്റുമായ ശൈലജ പി. അമ്പു രംഗത്തെത്തി. ശ്രീനിവാസന്റെ മൃതദേഹം കാണാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ധ്യാൻ ഗൗനിച്ചില്ലെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോകൾക്കും വിമർശനങ്ങൾക്കുമുള്ള മറുപടിയായാണ് ശൈലജയുടെ കുറിപ്പ്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി വരുമ്പോൾ പ്രായത്തെയെങ്കിലും ഗൗനിക്കണ്ടേ എന്നായിരുന്നു സോഷ്യൽ മീഡിയയിലെ ഒരു വിഭാഗത്തിന്റെ ചോദ്യം.
എന്നാൽ, ഈ വിമർശനങ്ങളെ പാടെ തള്ളിക്കളയുന്നതാണ് ശൈലജയുടെ നിരീക്ഷണം. സ്വന്തം പിതാവ് മരിച്ചു കിടക്കുമ്പോൾ മുന്നിൽ വരുന്നത് മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അതുമല്ലെങ്കിൽ അമേരിക്കൻ പ്രസിഡന്റോ ആകട്ടെ, അവരെ തിരിച്ചറിയാനുള്ള മാനസികാവസ്ഥയിലായിരിക്കില്ല ഒരു മകനെന്ന് ശൈലജ ചൂണ്ടിക്കാട്ടി. അത്തരം സന്ദർഭങ്ങളിൽ മനുഷ്യർ ജീവിതത്തോട് ചേർന്നുനിൽക്കുന്നവരെ കാണുമ്പോൾ കെട്ടിപ്പിടിച്ചു കരഞ്ഞെന്നു വരും. സത്യൻ അന്തിക്കാടിനെ കണ്ടപ്പോൾ ധ്യാനും വിനീതും പൊട്ടിക്കരഞ്ഞത് അത്തരമൊരു വൈകാരിക നിമിഷത്തിലാണെന്നും അവർ പറഞ്ഞു.
പുരുഷത്വത്തിന്റെ പൊള്ളയായ കെട്ടുകാഴ്ചകളില്ലാതെ, സ്വന്തം അച്ഛന്റെ മുന്നിൽ നിന്ന് ആ രണ്ട് ആണുങ്ങൾ പൊട്ടിക്കരഞ്ഞത് അവർ മനുഷ്യരായതുകൊണ്ടാണെന്ന് ശൈലജ കുറിച്ചു. "അയ്യേ ആണുങ്ങൾ കരയുമോ?" എന്ന് ചോദിക്കുന്നവരോട് "ആണുങ്ങൾ കരയും, മനുഷ്യർ ഇങ്ങനെയാണ്" എന്ന മറുപടിയാണ് താരം നൽകുന്നത്. മക്കളെ ഇങ്ങനെ മനുഷ്യരായിരിക്കാനാണ് ശ്രീനിവാസൻ വളർത്തിയതെന്നും ശൈലജ പി. അമ്പു കൂട്ടിച്ചേർത്തു.



