സംസ്ഥാന സർക്കാരുമായി കടുത്ത നിസ്സഹകരണത്തിനൊരുങ്ങി സിനിമാ സംഘടനകളുടെ മാതൃസംഘടനയായ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്. സിനിമാ മേഖലയുടെ ആവശ്യങ്ങളോട് സർക്കാർ മുഖംതിരിക്കുന്നു എന്ന് ആരോപിച്ച്, ജനുവരി മുതൽ സർക്കാർ ഉടമസ്ഥതയിലുള്ള കെ.എസ്.എഫ്.ഡി.സി. (KSFDC) തിയേറ്ററുകൾക്ക് സിനിമ നൽകില്ലെന്ന് ചേംബർ പ്രഖ്യാപിച്ചു. ഇതുകൂടാതെ സർക്കാരുമായി ബന്ധപ്പെട്ട സിനിമാ മേഖലയിലെ എല്ലാ ഔദ്യോഗിക പരിപാടികളിൽ നിന്നും ജനുവരി മുതൽ സംഘടന വിട്ടുനിൽക്കും.
നിലവിലെ ബഹിഷ്‌കരണം ഒരു സൂചനാ സമരം മാത്രമാണെന്നും, സിനിമാ മേഖല ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ചേംബർ പ്രസിഡന്റ് അനിൽ തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ചലച്ചിത്ര മേഖലയിലെ വിവിധ പ്രതിസന്ധികളിൽ സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നാരോപിച്ചാണ് സംഘടനകളുടെ ഈ പുതിയ നീക്കം.



