വയനാട് പുൽപ്പള്ളി വണ്ടിക്കടവ് വനമേഖലയിൽ കടുവയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. ദേവർഗദ്ധ മാടപ്പള്ളി ഉന്നതിയിലെ കൂമൻ (65) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. വനത്തോട് ചേർന്നുള്ള പുഴയോരത്ത് സഹോദരിക്കൊപ്പം വിറക് ശേഖരിക്കാൻ പോയ കൂമനെ വനത്തിനുള്ളിൽ നിന്നെത്തിയ കടുവ പെട്ടെന്ന് ആക്രമിക്കുകയും കാട്ടിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു.
കൂടെയുണ്ടായിരുന്ന സഹോദരി ബഹളം വെച്ചതിനെത്തുടർന്ന് നാട്ടുകാരും വനപാലകരും നടത്തിയ തിരച്ചിലിനൊടുവിൽ, വനത്തിനുള്ളിൽ രണ്ട് കിലോമീറ്റർ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു. പടക്കം പൊട്ടിച്ചാണ് കടുവയെ സ്ഥലത്തുനിന്നും തുരത്തിയത്.സംഭവത്തെത്തുടർന്ന് വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷന് മുൻപിൽ നാട്ടുകാർ ശക്തമായ പ്രതിഷേധം നടത്തി.
പ്രദേശത്ത് കടുവയുടെ സാന്നിധ്യമുള്ള വിവരം നേരത്തെ അറിയിച്ചിട്ടും വനംവകുപ്പ് നടപടിയെടുക്കാത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മരിച്ച കൂമന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കൊലയാളി കടുവയെ ഉടൻ പിടികൂടണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. വയനാട് വൈൽഡ് ലൈഫ് വാർഡൻ അരുണിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷനിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. തഹസിൽദാർ സ്ഥലത്തെത്തിയിട്ടുണ്ട്. ജില്ലാ കളക്ടറും ഉടൻ സ്ഥലത്തെത്തുമെന്നാണ് വിവരം.



