D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പരീക്ഷാഹാളിൽ സംശയം ചോദിച്ച 5-ാം ക്ലാസുകാരന്റെ തോളെല്ല് അധ്യാപകൻ അടിച്ചു തകർത്തു
വൈകുന്നേരം വീട്ടിലെത്തിയ കുട്ടി കടുത്ത വേദനയുണ്ടെന്ന് പറഞ്ഞതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് തോളെല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്.

കോട്ടയം: കാരക്കാട് എം.എം.എം.യു.പി സ്‌കൂളിൽ പരീക്ഷയ്ക്കിടെ സംശയം ചോദിച്ച അഞ്ചാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. മർദ്ദനത്തിൽ പരിക്കേറ്റ് തോളെല്ല് പൊട്ടിയ കാട്ടാമല സ്വദേശി സക്കീറിന്റെ മകൻ മിസ്ബാഹ് സക്കീറിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. ചോദ്യക്കടലാസിലെ സംശയം ചോദിച്ചപ്പോൾ അധ്യാപകൻ സന്തോഷ് എം. ജോസ് കുട്ടിയുടെ വലതു തോളിൽ ശക്തിയായി ഇടിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു.

വൈകുന്നേരം വീട്ടിലെത്തിയ കുട്ടി കടുത്ത വേദനയുണ്ടെന്ന് പറഞ്ഞതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് തോളെല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് അധ്യാപകൻ സന്തോഷ് എം. ജോസിനെ സസ്‌പെൻഡ് ചെയ്യാൻ സ്കൂൾ മാനേജ്‌മെന്റ് തീരുമാനിച്ചതായി മാനേജർ കെ.എ. മുഹമ്മദ് അഷ്‌റഫ് അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ഈരാറ്റുപേട്ട പോലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രാഥമിക അന്വേഷണത്തിന് ശേഷം അധ്യാപകനെതിരെ കേസെടുക്കുമെന്ന് ഈരാറ്റുപേട്ട എസ്.എച്ച്.ഒ കെ.ജെ. തോമസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *