കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നടൻ ബാബുരാജ് രംഗത്തെത്തി. താൻ അന്നും ഇന്നും അതിജീവിതയ്‌ക്കൊപ്പമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോടതി വിധിയെ മാനിക്കുന്നുവെന്നും ബാബുരാജ് കൂട്ടിച്ചേർത്തു. താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹികൾക്കെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. നിലവിൽ 'അമ്മ'യുടെ തലപ്പത്ത് സ്ത്രീകളാണ് ഇരിക്കുന്നത്. പ്രതികരിക്കാൻ ബാധ്യസ്ഥരായിട്ടും അവർ ഒഴിഞ്ഞുമാറുകയാണ്. ഇപ്പോഴും സംഘടനയുടെ തലപ്പത്ത് മോഹൻലാൽ ആയിരുന്നുവെങ്കിൽ എന്തായിരിക്കും സ്ഥിതിയെന്ന് അദ്ദേഹം ചോദിച്ചു.
മോഹൻലാൽ മാറിയത് നന്നായെന്നും, 'അമ്മ' ഭാരവാഹികൾ ഉടൻ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നടൻ പറഞ്ഞു. ദിലീപിനെ പുറത്താക്കാൻ കാണിച്ച വ്യഗ്രത തിരിച്ചെടുക്കാനും കാണിച്ചിരിക്കാം. അതൊക്കെ സംഘടനകളുടെ തീരുമാനമാണെന്നും ബാബുരാജ് കൂട്ടിച്ചേർത്തു. നടിയെ ആക്രമിച്ച കേസിലെ വിധിയിൽ മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യുടെ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. 'അമ്മ' പ്രസിഡന്റ് ശ്വേത മേനോനോ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനോ പ്രതികരിക്കാത്തത് ചർച്ചയായിരുന്നു. 'അമ്മ' എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ഓഫീസിൽ നിന്ന് ഇരുവരും മടങ്ങുകയും ചെയ്തിരുന്നു. കേസിൽ കുറ്റവിമുക്തനായ ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കുന്ന കാര്യം എക്‌സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്തുവെന്നും സൂചനയുണ്ട്.



