ന്യൂഡൽഹി: രാഷ്ട്രീയ ജനതാദളിനെതിരെ (ആർ.ജെ.ഡി.) വീണ്ടും ശക്തമായ വിമർശനവുമായി ബി.ജെ.പി. നേതാവ് അമിത് മാളവ്യ. ആർ.ജെ.ഡിയെ "വൃത്തികെട്ട ചിന്തയുടെ പര്യായം" എന്നാണ് മാളവ്യ വിശേഷിപ്പിച്ചത്. ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് പങ്കെടുത്ത ഒരു റാലിയുടെ വീഡിയോ പങ്കുവെച്ചാണ് മാളവ്യയുടെ പ്രതികരണം. ഈ റാലിക്കിടെ ഒരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ അമ്മയെയും അധിക്ഷേപിച്ചുവെന്ന് മാളവ്യ തന്റെ എക്സ് (X) പോസ്റ്റിൽ ആരോപിക്കുന്നു.
ബീഹാറിലെ സീതയുടെ നാട്ടിൽ, പ്രധാനമന്ത്രിയുടെ അന്തരിച്ച അമ്മയെ വീണ്ടും അപമാനിക്കുകയാണെന്നും കോൺഗ്രസിന്റേയും ആർ.ജെ.ഡി.യുടെയും നേതാക്കൾ ഈ പ്രവൃത്തിയെ പ്രോത്സാഹിപ്പിക്കുകയാണെന്നും മാളവ്യ കുറ്റപ്പെടുത്തി. തേജസ്വി യാദവിന്റെ മുന്നിൽവെച്ച് ആർ.ജെ.ഡി. പ്രവർത്തകർ പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരെ അസഭ്യം പറഞ്ഞിട്ടും ലാലുവിന്റെ മകൻ മൗനം പാലിച്ചുവെന്നും മാളവ്യ തന്റെ എക്സ് പോസ്റ്റിൽ പറയുന്നു.
രാഷ്ട്രീയത്തിൽ ഇത്രയും തരംതാഴുന്നത് ലജ്ജാകരമാണെന്നും ബീഹാറിൽ ഈ പാർട്ടി നിലനിൽക്കുന്നിടത്തോളം കാലം ബീഹാർ നാണക്കേടായി തുടരും അമിത് മാളവ്യ കൂട്ടിച്ചേർത്തു. അതേസമയം ഈ ആരോപണങ്ങൾ ആർജെഡി എതിർത്തു. ഒരു പാർട്ടി പ്രവർത്തകനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചിട്ടില്ല എന്നാണ് മഹുവയിലെ ആർജെഡി എംഎൽഎ ഡോ. മുകേഷ് റൗഷന്റെ പ്രതികരണം. ഓഗസ്റ്റിൽ ദർഭംഗയിൽ നടന്ന കോൺഗ്രസ് പരിപാടിയിൽ വെച്ചു പ്രധാനമന്ത്രി മോദിയേയും അദ്ദേഹത്തിന്റെ അമ്മയേയും അധിക്ഷേപിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തതിരുന്നു. ഇതിനു പിന്നാലെയാണ് ബി.ജെ.പി. നേതാവ് അമിത് മാളവ്യ ആർജെഡിക്കെതിരെ വീണ്ടും രംഗത്തെത്തുന്നത്.



