മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം 'സാമ്രാജ്യം' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. 1990-ൽ റിലീസ് ചെയ്ത ഈ ഗ്യാങ്സ്റ്റർ ചിത്രം 4K, ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യയുടെ പിന്തുണയോടെയാണ് പുതിയ തലമുറയ്ക്കായി റീ റിലീസ് ചെയ്യുന്നത്. ഈ മാസം 19-നാണ് ചിത്രം വീണ്ടും പ്രദർശനത്തിനെത്തുക.
ജോമോൻ സംവിധാനം ചെയ്ത ഈ സിനിമയിൽ അലക്സാണ്ടർ എന്ന അധോലോക നായകന്റെ വേഷമാണ് മമ്മൂട്ടി കൈകാര്യം ചെയ്തത്. റിലീസ് സമയത്ത് വലിയ വിജയം നേടിയ ചിത്രം, മമ്മൂട്ടിയുടെ സ്റ്റൈലിഷ് ഗെറ്റപ്പ് കാരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ഈ കഥാപാത്രം ചർച്ചാവിഷയമാണ്.
ആരിഫാ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമ്മിച്ച 'സാമ്രാജ്യം' മലയാളത്തിന് പുറത്തും ശ്രദ്ധ നേടി. ചിത്രം വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇളയരാജ ഒരുക്കിയ പശ്ചാത്തല സംഗീതവും സിനിമയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
മധു, ക്യാപ്റ്റൻ രാജു, വിജയരാഘവൻ, അശോകൻ, ശ്രീവിദ്യ, സോണിയ, ബാലൻ കെ നായർ തുടങ്ങിയ പ്രമുഖ താരനിരയും ചിത്രത്തിലുണ്ട്. ഷിബു ചക്രവർത്തി തിരക്കഥ എഴുതിയ ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത് ജയനൻ വിൻസെന്റാണ്.



