പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തിനുമേല്‍ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന് കോൺഗ്രസ് കൗൺസിലേഴ്സ്. യുഡിഎഫ് നേതാക്കൾ വിളിച്ച ചർച്ചയിലാണ് കൗൺസിലർമാർ തങ്ങളുടെ നിലപാട് അറിയിച്ചത്. വിഷയത്തിൽ രേഖാമൂലം കൗണ്‍സിലേഴ്‌സ് യുഡിഎഫ് നേതാക്കള്‍ക്ക് കത്ത് നല്‍കി.
കോൺഗ്രസ് പാർട്ടിക്കും കൗൺസിലർമാർക്കും അപമാനം ഉണ്ടാക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് കഴിഞ്ഞദിവസം നടന്നത് എന്നും പറയുന്നു.യുഡിഎഫ് ഭരണം എന്ന് പറയാമെങ്കിലും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കോ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കോ യാതൊരുവിധ റോളും ഭരണത്തില്‍ ഇല്ലായിരിക്കുന്നു. സംസ്ഥാനത്ത് ഭരണം നേടുന്നതിനു വേണ്ടിയും യുഡിഎഫ് എംഎൽഎ ജയിക്കുന്നതിനു വേണ്ടിയും തങ്ങൾ ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു.എന്നാല്‍, കഴിഞ്ഞ ദിവസം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരെ വാക്കേറ്റവും കൈയേറ്റശ്രമവും വരെയുണ്ടായി.ഇതുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാരുടെയും സഗരസഭ ജീവനക്കാരന്റെയും സാന്നിധ്യത്തില്‍ മൊഴിയെടുത്തിട്ടും ഒരു കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണം ഉള്‍പ്പടെയുള്ള കള്ളക്കേസ് ചെയര്‍പേഴ്‌സണ്‍ കൊടുക്കുകയും മാധ്യമങ്ങളെ വിളിച്ച് വരുത്തി വാര്‍ത്ത നല്‍കി അപമാനിക്കുകയും ചെയ്തുവെന്നും കൗൺസിലർമാർ പ്രതികരിച്ചു.



