വൈറ്റ് ഹൗസ് ഒരു വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ആദ്യം ഇത് കാണുന്നവർക്ക് തോന്നുക അന്യഗ്രഹ ജീവികളെ കുറിച്ചാണ് ഈ വെബ്സൈറ്റിൽ പറയുന്നത് എന്നാണ് എന്നാൽ, അത് നിയമവിരുദ്ധമായി അമേരിക്കയിൽ പ്രവേശിച്ച വിദേശ പൗരന്മാരെക്കുറിച്ചാണ്. സൈറ്റിൽ തുറക്കുമ്പോൾ ആദ്യം കാണാൻ സാധിക്കുക അവർ നമുക്കിടയിൽ നടക്കുന്നു എന്ന വാചകമാണ്.അന്യഗ്രഹജീവികൾ നമുക്കിടയിൽ നടക്കുന്നുണ്ട്, നമ്മുടെ അയൽപക്കങ്ങളിൽ താമസിക്കുന്നുണ്ട്, നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മളുമായി ഇടപഴകുന്നു എന്നാണ് അനധികൃതമായി പ്രവേശിച്ച വിദേശ പൗരന്മാരെ കുറിച്ച് ട്രംപ് സൂചിപ്പിക്കുന്നത്. Aliens.gov എന്നാണ് വെബ്‌സൈറ്റിന്റെ പേര്. ബഹിരാകാശ പ്രമേയമുള്ള ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് വെബ്‌സൈറ്റാണിത്. അനധികൃതമായി തങ്ങുന്ന വിദേശ പൗരന്മാരെ ട്രാക്ക് ചെയ്യുന്ന ഒരു യുഎസ് മാപ്പ് ഇതിൽ ഉൾപ്പെടുന്നു. സൈറ്റിലെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുകയും വൈറ്റ് ഹൗസ് ആപ്പിൽ ഉൾപ്പെടുത്തുകയും ചെയ്യും.ദശലക്ഷക്കണക്കിന് ആളുകൾ ഇരുട്ടിന്റെ മറവിൽ എത്തി നമ്മുടെ സമൂഹത്തിലേക്ക് നേരിട്ട് ഇടപെട്ടു. എണ്ണമറ്റ പ്രസിഡന്റുമാർക്കും, കോൺഗ്രസ് അംഗങ്ങൾക്കും, മുതിർന്ന ഉദ്യോഗസ്ഥർക്കും എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയാമായിരുന്നു. അമേരിക്കൻ പൗരന്മാരെ സംരക്ഷിക്കുന്നതിനുപകരം, അവർ അത് മറച്ചുവെക്കാനും അധിനിവേശം ത്വരിതപ്പെടുത്താനും തീരുമാനിചുവെന്നും സൈറ്റിൽ പരാമർശം.ഉപയോക്താക്കൾക്ക് "സംശയാസ്പദമായ അന്യഗ്രഹജീവികളെ റിപ്പോർട്ട് ചെയ്യാൻ" കഴിയുന്ന ഒരു ടിപ്പ് ബോക്സും വെബ്‌സൈറ്റിൽ ഉണ്ട്.ജനുവരി പകുതിയോടെ യുഎസിലുടനീളമുള്ള ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് തടങ്കൽ കേന്ദ്രങ്ങളിൽ 73,000 പേരെ തടവിലാക്കിയിട്ടുണ്ടെന്ന് അമേരിക്കൻ ഇമിഗ്രേഷൻ കൗൺസിൽ അറിയിച്ചു.



