അമേരിക്കയിൽ നിന്ന് പാചകവാതകവുമായി എത്തിയ കൂറ്റൻ ചരക്കുകപ്പൽ മംഗളൂരു തുറമുഖത്ത് നങ്കൂരമിട്ടു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് എൽപിജി ക്ഷാമം നേരിടുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച രാവിലെ 'പിക്സിസ് പയനിയർ' എന്ന കപ്പൽ എത്തിയത്. സിംഗപ്പൂർ പതാക ഘടിപ്പിച്ച ഈ കപ്പൽ അമേരിക്കയിലെ ടെക്സസിലുള്ള നെതർലാൻഡ് തുറമുഖത്ത് നിന്ന് ഫെബ്രുവരി 14-നാണ് യാത്ര തിരിച്ചത്. 47,236 ടൺ ഭാരശേഷിയുള്ള ഈ ടാങ്കർ മംഗളൂരു തുറമുഖത്തെ 13-ാം നമ്പർ ബർത്തിലാണ് അടുപ്പിച്ചത്.
ഈജിസ് ലോജിസ്റ്റിക്സ് ലിമിറ്റഡിന് വേണ്ടിയുള്ള 16,714 ടൺ എൽപിജി ആണ് ഈ കപ്പലിലുള്ളത്. വാതകം ഇറക്കിയ ശേഷം തിങ്കളാഴ്ച പുലർച്ചെയോടെ കപ്പൽ മടങ്ങും. രാജ്യത്ത് പാചകവാതക ലഭ്യത കുറയുന്നതിൽ ആശങ്കയുള്ളതിനാൽ, വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി വിഹിതം സർക്കാർ കഴിഞ്ഞദിവസം 50 ശതമാനമായി ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ അമേരിക്കയിൽ നിന്നുള്ള കപ്പലിന്റെ വരവ് വിപണിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. നേരത്തെ റഷ്യൻ ക്രൂഡ് ഓയിലുമായി 'അക്വാ ടൈറ്റൻ' എന്ന കപ്പലും മംഗളൂരു തീരത്ത് എത്തിയിരുന്നു. എന്നാൽ വലുപ്പം കൂടിയതിനാൽ ഈ കപ്പലിനെ തുറമുഖത്ത് അടുപ്പിക്കാൻ സാധിച്ചില്ല. തീരത്തുനിന്ന് 18 നോട്ടിക്കൽ മൈൽ അകലെയാണ് നിലവിൽ ഈ കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്.



