പശ്ചിമേഷ്യൻ യുദ്ധത്തിൽ ശ്രീലങ്ക കർശനമായ നിഷ്പക്ഷത പാലിക്കുമെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ ആവർത്തിച്ചു. ഇതിന്റെ ഭാഗമായി അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾക്ക് മത്തല അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചതായി അദ്ദേഹം പാർലമെന്റിനെ അറിയിച്ചു. ജിബൂട്ടിയിലെ താവളത്തിൽ നിന്ന് മിസൈൽ ഘടിപ്പിച്ച വിമാനങ്ങൾ ലങ്കയിലേക്ക് മാറ്റിസ്ഥാപിക്കാനായിരുന്നു അമേരിക്കയുടെ നീക്കം. എന്നാൽ രാജ്യത്തിന്റെ മണ്ണ് സൈനിക ആവശ്യങ്ങൾക്കായി വിട്ടുകൊടുക്കില്ലെന്ന നയത്തിന്റെ ഭാഗമായി ഫെബ്രുവരി 26-ന് ഈ അഭ്യർത്ഥന തള്ളുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
മാർച്ച് ആദ്യവാരം അമേരിക്കൻ വിമാനങ്ങൾ മത്തലയിൽ എത്തിക്കാൻ അനുമതി തേടിയെങ്കിലും ലങ്ക അത് നിരാകരിച്ചു. ഇതേസമയം തന്നെ ഇന്ത്യയിലെ നാവികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന മൂന്ന് യുദ്ധക്കപ്പലുകൾക്ക് തുറമുഖത്ത് അടുക്കാൻ ഇറാനും അനുമതി ചോദിച്ചിരുന്നു. ഇറാന്റെ കപ്പലുകൾക്ക് അനുമതി നൽകിയിരുന്നെങ്കിൽ അമേരിക്കയുടെ ആവശ്യവും അംഗീകരിക്കേണ്ടി വരുമായിരുന്നുവെന്നും, എന്നാൽ രണ്ട് വിഭാഗത്തോടും 'ഇല്ല' എന്നാണ് മറുപടി നൽകിയതെന്നും ദിസനായകെ കൂട്ടിച്ചേർത്തു.
മാർച്ച് 4-ന് ശ്രീലങ്കൻ തീരത്തിന് സമീപം ഇറാന്റെ 'ഐആർഐഎസ് ദേന' എന്ന യുദ്ധക്കപ്പൽ യുഎസ് അന്തർവാഹിനി തകർത്ത സംഭവത്തിൽ 84 നാവികർ കൊല്ലപ്പെട്ടിരുന്നു. ഈ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനും മൃതദേഹങ്ങൾ വീണ്ടെടുക്കാനും ലങ്കൻ സൈന്യം സജീവമായി ഇടപെട്ടു. മാനുഷിക പരിഗണന വെച്ചാണ് മറ്റൊരു ഇറാനിയൻ കപ്പലായ 'ഐആർഐഎസ് ബുഷെറിന്' കൊളംബോയിൽ അഭയം നൽകിയതെന്നും, ഐക്യരാഷ്ട്രസഭയിൽ ഇറാനെതിരായ പ്രമേയത്തിൽ നിന്ന് വിട്ടുനിന്നത് തങ്ങളുടെ നിഷ്പക്ഷതയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.



