തിരുവനന്തപുരം: പാചകവാതക ക്ഷാമവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ലോകരാജ്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി യുഎഇ അടക്കമുള്ള പലയിടങ്ങളിലും പാചകവാതകത്തിന് നിയന്ത്രണങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. അവിടെയൊന്നും ജനാധിപത്യം അല്ലാത്തതുകൊണ്ടാണ് ജനങ്ങൾ കയർത്തു സംസാരിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം കോർപ്പറേഷൻ വിളിച്ചുചേർത്ത ഹോട്ടൽ ഉടമകളുടെയും കേറ്ററിംഗ് അസോസിയേഷന്റെയും യോഗത്തിൽ ടെലിഫോണിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി.
വാണിജ്യ മേഖലയിൽ 20 ശതമാനം വാതകം എത്തിക്കുന്നതിനുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കാരണം ജനങ്ങൾക്ക് പാചകവാതകം ലഭിക്കാത്ത സാഹചര്യം ഉണ്ടാകരുത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം ചില മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ചില ഘട്ടങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിയന്ത്രണങ്ങൾ അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കളക്ടർമാരും ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.



