ഡാളസ് പോലീസ് വെടിവെച്ചുകൊന്ന പിടികിട്ടാപ്പുള്ളി യുഎസ് കോൺഗ്രസ് അംഗം ജാസ്മിൻ ക്രോക്കറ്റിന്റെ സുരക്ഷാ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നയാളാണെന്ന് റിപ്പോർട്ടുകൾ. 'മൈക്ക് കിംഗ്' എന്നറിയപ്പെടുന്ന ഇയാൾ വ്യാജപ്പേരുകളിൽ സുരക്ഷാ ഏജൻസി നടത്തിവരികയായിരുന്നു. ബുധനാഴ്ച ഡാളസ് പോലീസിന്റെ സ്വാറ്റ് വിഭാഗവുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഇയാൾ കൊല്ലപ്പെട്ടത്. ആശുപത്രി പാർക്കിംഗ് ഏരിയയിൽ ഒളിച്ചിരുന്ന ഇയാൾ പോലീസിന് നേരെ തോക്ക് ചൂണ്ടിയതിനെത്തുടർന്നാണ് വെടിവെപ്പുണ്ടായത്.
പോലീസ് ഉദ്യോഗസ്ഥനായി ചമഞ്ഞതിനും വ്യാജരേഖകൾ നിർമ്മിച്ചതിനും ഇയാൾക്കെതിരെ നേരത്തെ വാറണ്ട് നിലവിലുണ്ടായിരുന്നു. 'ഓഫ് ഡ്യൂട്ടി പോലീസ് സർവീസസ്' എന്ന പേരിൽ സുരക്ഷാ ഏജൻസി നടത്തിയിരുന്ന ഇയാൾ പോലീസുകാർക്ക് പാർട്ട് ടൈം ജോലികൾ നൽകുന്ന ഇടനിലക്കാരനായും പ്രവർത്തിച്ചിരുന്നു. ജാസ്മിൻ ക്രോക്കറ്റിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിലും പൊതുപരിപാടികളിലും ഇയാൾ സുരക്ഷാ ചുമതല വഹിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മോഷ്ടിച്ച നമ്പർ പ്ലേറ്റുകളും വ്യാജ പോലീസ് വാഹനങ്ങളും ഇയാൾ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾ എങ്ങനെ ജനപ്രതിനിധിയുടെ സുരക്ഷാ വലയത്തിൽ എത്തിയെന്നത് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും ജാസ്മിൻ ക്രോക്കറ്റിന്റെ ഓഫീസോ ഡാളസ് പോലീസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



