വാഷിങ്ടൺ ഡി.സിയിലെ രണ്ടാം ലോകമഹായുദ്ധ സ്മാരകത്തിന് മുന്നിൽ നൃത്തം ചെയ്ത ഇന്ത്യൻ വംശജൻ മധു രാജു നാടുകടത്തൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ടുകൾ. നോൺ-ഇമിഗ്രന്റ് വിസയിൽ യുഎസിൽ കഴിയുന്ന ഇദ്ദേഹം ഒരു സ്ത്രീക്കൊപ്പം 'ഡോണ്ട് റഷ് ചലഞ്ച്' എന്ന പേരിൽ നൃത്തം ചെയ്യുന്ന വീഡിയോ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടികൾക്ക് സാധ്യത തെളിഞ്ഞത്. 1.6 കോടി സൈനികരുടെ സ്മരണയ്ക്കായി നിർമിച്ച ഈ സ്മാരകത്തെ അമേരിക്കൻ ജനത അതീവ ആദരവോടെയാണ് കാണുന്നത്.
രാജ്യത്തിനുവേണ്ടി ജീവൻ ബലിനൽകിയവരെ ആദരിക്കുന്ന ഇടത്തെ ടിക് ടോക് വീഡിയോകൾക്കുള്ള വേദിയാക്കരുതെന്ന് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയിൽ നിന്ന് ലക്ഷക്കണക്കിന് സൈനികർ പങ്കെടുത്തിട്ടുണ്ടെന്നും ഇത്തരത്തിലുള്ള പെരുമാറ്റം അമേരിക്കയിലെ കഠിനാധ്വാനികളായ ഇന്ത്യൻ വംശജർക്ക് തന്നെ നാണക്കേടാണെന്നും പലരും പ്രതികരിച്ചു.
സൈബർ സെക്യൂരിറ്റി സ്ഥാപനമായ പാലോ ആൾട്ടോ നെറ്റ്‌വർക്സിലെ ജീവനക്കാരനാണെന്ന് കരുതപ്പെടുന്ന മധു രാജു, 'മാഡ് ഡാലസ്' എന്ന പേരിൽ ഒരു ഡാൻസ് സ്റ്റുഡിയോയും നടത്തിയിരുന്നു. വിമർശനം ശക്തമായതോടെ ഇയാൾ തന്റെ ലിങ്ക്ഡ്ഇൻ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്തിട്ടുണ്ട്. വിസ ചട്ടങ്ങൾ ലംഘിച്ചോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായാൽ ഇയാൾക്ക് രാജ്യം വിടേണ്ടി വന്നേക്കാം.



