ഇറാനെതിരായ ഇസ്രായേൽ-യു.എസ് സംയുക്ത ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്റൈൻ രാജാവുമായും സൗദി കിരീടാവകാശിയുമായും ഫോണിൽ സംസാരിച്ചു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ, സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് എന്നിവരുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്. ഇരു രാജ്യങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി, സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
മേഖലയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തെക്കുറിച്ച് നേതാക്കളുമായി ചർച്ച ചെയ്ത മോദി, ഈ ദുഷ്കരഘട്ടത്തിൽ അവർക്ക് നൽകുന്ന കരുതലിന് നന്ദി അറിയിച്ചു. ഇസ്രായേലിനും ബഹ്റൈൻ, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കും നേരെ ഇറാൻ നേരത്തെ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിന് മുൻപായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായും മോദി ഫോണിൽ സംസാരിച്ചിരുന്നു.



