ഒമാനിലെ ദുഖും, ഖസബ് തുറമുഖങ്ങൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. ദുഖും തുറമുഖത്തെ തൊഴിലാളികളുടെ താമസകേന്ദ്രത്തിൽ ഡ്രോൺ പതിച്ച് ഒരാൾക്ക് പരിക്കേറ്റു. ഇന്ധന ടാങ്കുകൾക്ക് സമീപവും ഡ്രോൺ ഭാഗങ്ങൾ പതിച്ചെങ്കിലും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഖസബ് തുറമുഖത്ത് എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 15 ഇന്ത്യക്കാരും 5 ഇറാൻ പൗരന്മാരും ഉൾപ്പെടെയുള്ള ജീവനക്കാരെ സുരക്ഷിതരായി മാറ്റിയെങ്കിലും നാലുപേർക്ക് പരിക്കേറ്റു. രാജ്യസുരക്ഷ ഉറപ്പാക്കാൻ കർശന മുൻകരുതൽ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ ഒമാൻ ഭരണകൂടം ഇറാന്റെ നടപടിയെ ശക്തമായി അപലപിച്ചു.
യുഎസ് വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളിൽ ഗൾഫ് മേഖലയാകെ കടുത്ത ആശങ്കയിലാണ്. യുഎഇയിൽ ദുബായ് പാം ജുമൈറ, ബുർജ് അൽ അറബ്, വിമാനത്താവളം ഉൾപ്പെടെ ആറിടങ്ങളിൽ ആക്രമണമുണ്ടായി. 137 മിസൈലുകളും 209 ഡ്രോണുകളുമാണ് യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ തൊടുത്തത്. ബഹ്റൈൻ, ഖത്തർ, കുവൈറ്റ്, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മ ആക്രമണത്തെ അപലപിച്ചപ്പോൾ, സൗദി കിരീടാവകാശിയെ ഫോണിൽ വിളിച്ച് ഡൊണാൾഡ് ട്രംപ് പിന്തുണ അറിയിച്ചു.



