കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനും അടൂരിലെ സ്വകാര്യ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി. ഇരുവരും ദീർഘനേരം സംസാരിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഈ കൂടിക്കാഴ്ച തികച്ചും യാദൃശ്ചികമായിരുന്നു എന്നാണ് ഇരുവരുടെയും പ്രതികരണം.
രാഹുലിന്റെ വീടിന് തൊട്ടടുത്തുള്ള ഹോട്ടലിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ ഭാഗമായി എത്തിയതാണെന്നും, അവിടെ വെച്ച് രാഹുലിനെ കണ്ടപ്പോൾ സംസാരിക്കാതെ പോകാൻ കഴിയില്ലായിരുന്നു എന്നും വി.കെ. ശ്രീകണ്ഠൻ വിശദീകരിച്ചു. ഇത് കേവലം സൗഹൃദം പങ്കുവെക്കൽ മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനംതിട്ടയിലെ പര്യടനം പൂർത്തിയാക്കി പുതുയുഗ യാത്ര കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കുന്നതിനിടയിലായിരുന്നു ഈ അപ്രതീക്ഷിത കൂടിക്കാഴ്ച.



