ഇറാനെ പഴയ പ്രതാപകാലത്തേക്ക് തിരികെ കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസ്സാദ്. അമേരിക്കയുമായി സഹകരിച്ച് ഇറാനിൽ ഇസ്രായേൽ നടത്തിയ സൈനിക നടപടിക്ക് പിന്നാലെയാണ് മൊസ്സാദിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്. "ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്, ഒരുമിച്ച് നമ്മൾ ഇറാനെ അതിന്റെ മഹത്തായ നാളുകളിലേക്ക് തിരികെ എത്തിക്കും, നിങ്ങൾ സ്വയം സംരക്ഷിക്കുക" എന്ന് പേർഷ്യൻ, ഹീബ്രു ഭാഷകളിൽ മൊസ്സാദ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഇറാനിലെ ജനങ്ങൾക്ക് ആക്രമണത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുന്നതിനായി പ്രത്യേക ടെലിഗ്രാം ചാനലും മൊസ്സാദ് ആരംഭിച്ചിട്ടുണ്ട്. ഇറാനിയൻ സഹോദരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് നിങ്ങൾ ഒറ്റയ്ക്കല്ലെന്നും, സുരക്ഷിതമായ ഈ ചാനലിലൂടെ വിവരങ്ങൾ പങ്കുവെക്കുമെന്നും മൊസ്സാദ് അറിയിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.



