വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ നിന്നും എം. മുകേഷിനെ മാറ്റി നിർത്താൻ സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റിൽ ധാരണയായി. മുകേഷിന് പകരം എസ്. ജയമോഹനെ ഇവിടെ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും മുകേഷ് പ്രതിനിധീകരിച്ച മണ്ഡലത്തിൽ, അദ്ദേഹത്തിനെതിരെ ഉയർന്ന തുടർച്ചയായ വിവാദങ്ങളും ലൈംഗികാരോപണങ്ങളും തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഈ തീരുമാനം. അതേസമയം, ജില്ലയിലെ മറ്റ് മൂന്ന് സിറ്റിങ് എം.എൽ.എമാരെ വീണ്ടും മത്സരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
കൊട്ടാരക്കരയിൽ മന്ത്രി കെ.എൻ. ബാലഗോപാലും, ഇരവിപുരത്ത് എം. നൗഷാദും, ചവറയിൽ ഡോ. സുജിത് വിജയൻ പിള്ളയും ജനവിധി തേടും. രണ്ട് ടേം പൂർത്തിയാക്കിയ നൗഷാദിന് പ്രത്യേക പരിഗണന നൽകി ഒരവസരം കൂടി നൽകാനാണ് പാർട്ടി തീരുമാനം. കുണ്ടറയിൽ എസ്.എൽ. സജികുമാറിനെയാണ് നിശ്ചയിച്ചിരിക്കുന്നത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് ഈ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകിയത്. ജില്ലാ സെക്രട്ടേറിയേറ്റിന്റെ ഈ നിർദ്ദേശം സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കും. അഞ്ചാം തീയതി നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടാകുക.



