വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ഹെൽത്ത് കെയർ അവാർഡ് വിതരണവും നഴ്സിംഗ് സ്കോളർഷിപ്പ് വിതരണവും (ആർദ്രം 2026) ഫെബ്രുവരി 25-ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ നടക്കും. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ആവിഷ്കരിച്ച ഒരു കോടി രൂപയുടെ ഗ്ലോബൽ നഴ്സിംഗ് സ്കോളർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ഒരു ലക്ഷം രൂപ വീതം 100 വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പിന്റെ ആദ്യഘട്ടമായി 25 പേർക്ക് ചടങ്ങിൽ തുക കൈമാറും.
മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യതിഥിയാകുന്ന സമ്മേളനത്തിൽ ജോൺ ബ്രിട്ടാസ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ കെ. മുരളീധരൻ, കടകംപള്ളി സുരേന്ദ്രൻ, എം. മുകേഷ്, വി.കെ. പ്രശാന്ത്, അഹമ്മദ് ദേവർകോവിൽ, അനൂപ് ജേക്കബ് എന്നിവരും കരമന ജയൻ, ഡോ. എ.വി. അനൂപ്, അജിത് കൊളാശ്ശേരി, മുരുകൻ കാട്ടാക്കട തുടങ്ങിയ പ്രമുഖരും ആശംസകൾ നേരും. വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, ഷാജി മാത്യു, സണ്ണി സി. വെളിയത്ത് തുടങ്ങിയവർ പങ്കെടുക്കും. ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിൽ യോഗം, വനിതാ ഫോറം നിർമ്മിച്ച ഭവനത്തിന്റെ താക്കോൽദാനം, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.



