അമേരിക്കയിലെ നോർത്ത് കരോലിനയിൽ നിന്ന് 24 വർഷങ്ങൾക്ക് മുൻപ് കാണാതായ യുവതിയെ ജീവനോടെ കണ്ടെത്തി. 2001-ൽ തന്റെ 38-ാം വയസ്സിൽ ക്രിസ്മസ് ഷോപ്പിംഗിനായി വീട്ടിൽ നിന്നിറങ്ങിയ മിച്ചൽ ഹണ്ട്ലി സ്മിത്തിനെയാണ് (62) ദീർഘകാലത്തെ അന്വേഷണങ്ങൾക്കൊടുവിൽ റോക്കിംഗ്ഹാം കൗണ്ടി ഷെരീഫ് ഓഫീസ് കണ്ടെത്തിയത്. എഫ്.ബി.ഐ, ഡി.ഇ.എ തുടങ്ങിയ പ്രമുഖ ഏജൻസികൾ വർഷങ്ങളോളം അന്വേഷിച്ചിട്ടും യാതൊരു സൂചനയും ലഭിക്കാതിരുന്ന ഈ തിരോധാന കേസിൽ കഴിഞ്ഞ വെള്ളിയാഴ്ച ലഭിച്ച പുതിയ വിവരമാണ് നിർണ്ണായകമായത്. പോലീസ് നേരിട്ടെത്തി ഇവരുടെ വ്യക്തിത്വം സ്ഥിരീകരിക്കുകയായിരുന്നു.
താൻ സുരക്ഷിതയാണെന്നും എന്നാൽ നിലവിൽ താമസിക്കുന്ന സ്ഥലം രഹസ്യമായി വെക്കണമെന്നും മിച്ചൽ പോലീസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇവർക്കെതിരെ ക്രിമിനൽ കേസുകളൊന്നും നിലവിലില്ല. അമ്മ സ്വന്തം ഇഷ്ടപ്രകാരം പുതിയൊരു ജീവിതം തിരഞ്ഞെടുത്തതാണെന്നും അവർ ജീവനോടെയുണ്ടെന്ന അറിവ് തന്നെ വലിയ ആശ്വാസമാണെന്നും മകൾ അമണ്ട സ്മിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അനിശ്ചിതത്വങ്ങൾക്കും ദുരൂഹതകൾക്കുമാണ് ഇതോടെ അന്ത്യമായത്.



