D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
നിങ്ങൾ അല്ലെങ്കിലും ന​ഗ്നരല്ലേ? AI ഉച്ചകോടിക്കിടെ കോൺഗ്രസിന്റെ ഷർട്ടില്ലാ പ്രതിഷേധത്തെ വിമർശിച്ച് പ്രധാനമന്ത്രി മോദി
വിദേശ അതിഥികൾക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ വസ്ത്രം ഉപേക്ഷിച്ച് എത്തിയതിനെ പരിഹസിച്ച പ്രധാനമന്ത്രി, കോൺഗ്രസ് ഇപ്പോൾത്തന്നെ ജനങ്ങൾക്ക് മുന്നിൽ നഗ്നരാണെന്നും പിന്നെ എന്തിനാണ് വീണ്ടും വസ്ത്രം അഴിച്ചുമാറ്റാൻ ശ്രമിച്ചതെന്നും ചോദിച്ചു.

ഡൽഹിയിൽ നടന്ന 'ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇംപാക്ട് സമ്മിറ്റ് 2026'-ൽ കോൺഗ്രസ് നടത്തിയ ഷർട്ടില്ലാ പ്രതിഷേധത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. വികസ്വര രാജ്യങ്ങളിൽ ഇതുവരെ നടന്നിട്ടില്ലാത്ത ഇത്രയും വലിയൊരു സമ്മേളനത്തെ കോൺഗ്രസ് അവരുടെ മോശം രാഷ്ട്രീയത്തിനായി ഉപയോഗിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തർപ്രദേശിലെ മീററ്റിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ അതിഥികൾക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ വസ്ത്രം ഉപേക്ഷിച്ച് എത്തിയതിനെ പരിഹസിച്ച പ്രധാനമന്ത്രി, കോൺഗ്രസ് ഇപ്പോൾത്തന്നെ ജനങ്ങൾക്ക് മുന്നിൽ നഗ്നരാണെന്നും പിന്നെ എന്തിനാണ് വീണ്ടും വസ്ത്രം അഴിച്ചുമാറ്റാൻ ശ്രമിച്ചതെന്നും ചോദിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയാണ് ഇന്ത്യയിൽ നടന്നതെന്നും എൺപതിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതിൽ പങ്കെടുത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം രാജ്യത്തെ അപമാനിക്കുന്ന ഇത്തരം പ്രവൃത്തികൾ കോൺഗ്രസ് ആശയപരമായി എത്രത്തോളം തകർന്നു എന്നതിന്റെ തെളിവാണ്. കോൺഗ്രസ് നേതാക്കൾക്ക് തന്നോട് വെറുപ്പാണെന്നും അവർ തന്റെ ശവക്കുഴി തോണ്ടാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അവർക്ക് തന്റെ അമ്മയെപ്പോലും അപമാനിക്കാൻ മടിയില്ലെന്നും ബിജെപിയെയും എൻഡിഎയെയും എതിർക്കുന്നത് മനസ്സിലാക്കാമെന്നും എന്നാൽ ആഗോള എഐ ഉച്ചകോടി ഒരു ബിജെപി പരിപാടിയല്ല, മറിച്ച് രാജ്യത്തിന് വേണ്ടിയുള്ളതാണെന്ന് കോൺഗ്രസ് ഓർക്കണമായിരുന്നു എന്നും മോദി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കോൺഗ്രസ് എല്ലാ പരിധികളും ലംഘിച്ചുവെന്നും രാജ്യം മുഴുവൻ ഈ പെരുമാറ്റത്തെ അപലപിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്രയും പഴയൊരു രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ ലജ്ജിക്കുന്നതിന് പകരം ഈ പ്രവൃത്തിയെ നാണമില്ലാതെ ന്യായീകരിക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *