കൊച്ചി മുനമ്പത്ത് വീട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ 21 വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. മുനമ്പം കുറുപ്പശ്ശേരി അജിയുടെ മകൻ ആന്റോൺ ആണ് അപ്രതീക്ഷിതമായി മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ പള്ളിയിൽ പോയി മടങ്ങിയെത്തിയ ശേഷം കുടുംബാംഗങ്ങൾക്കൊപ്പം ലഘുഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. ആദ്യം പഫ്സും തുടർന്ന് ഉപ്പുമാവും കഴിക്കുന്നതിനിടയിൽ പെട്ടെന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലോജിസ്റ്റിക്സ് വിദ്യാർത്ഥിയായിരുന്നു ആന്റോൺ. ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാണോ അതോ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണോ മരണകാരണമെന്ന് നിലവിൽ വ്യക്തമല്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം സ്ഥിരീകരിക്കാൻ സാധിക്കൂ.



