ശബരിമല സ്വർണ്ണ മോഷണക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്കെതിരെ ഗൂഢാലോചനാ കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കൊല്ലം വിജിലൻസ് കോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ പൂജകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതലയെന്നും അറ്റകുറ്റപ്പണികൾ ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണെന്നും കോടതി നിരീക്ഷിച്ചു. പ്രതിപ്പട്ടികയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, മഹസറിൽ ഒപ്പുവെക്കാത്തത് ക്രിമിനൽ ഗൂഢാലോചന എന്ന ആരോപണത്തെ ദുർബലപ്പെടുത്തുന്നുവെന്നും ജാമ്യ ഉത്തരവിൽ പറയുന്നു.
തന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും, അവയൊന്നും ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തന്ത്രിക്കെതിരെ എഫ്.ഐ.ആറിൽ ചുമത്തിയ വകുപ്പുകൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.



