കൊച്ചിയിൽ വൻതോതിൽ വിദേശമദ്യം കടത്തി വിൽപന നടത്തിയ കേസിൽ 'ആക്ഷൻ ഹീറോ ബിജു' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ അൽക്കു എന്ന ഷഫീഖ് എക്സൈസ് പിടിയിലായി. എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഷഫീഖിന്റെ പക്കൽ നിന്ന് 52 ലിറ്റർ മദ്യമാണ് പിടികൂടിയത്. ഇതിൽ 15 ലിറ്റർ വിദേശമദ്യവും 58 കുപ്പി ബിയറും ഉൾപ്പെടുന്നു. മദ്യം കടത്താൻ ഉപയോഗിച്ച കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
കൊച്ചി നഗരത്തിൽ രാത്രി 12 മണിക്ക് ശേഷം മദ്യം ആവശ്യമുള്ളവർക്ക് വാഹനത്തിൽ മദ്യം എത്തിച്ചു നൽകുന്നതായിരുന്നു ഇയാളുടെ രീതി. ഇത്തരത്തിൽ മദ്യം എത്തിച്ചിരുന്നതിനാലാണ് ഷഫീഖിന് 'അൽക്കു' എന്ന പേര് വന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ ഷഫീഖ്, ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ കോടതി രംഗത്തിലൂടെയാണ് പ്രേക്ഷകർക്കിടയിൽ പരിചിതനായത്. ഈ രംഗത്തിലെ ചിത്രങ്ങൾ ട്രോൾ പേജുകളിലും വലിയ രീതിയിൽ വൈറലായിരുന്നു. അനുശ്രീ പ്രധാന വേഷത്തിലെത്തിയ 'ഓട്ടർഷ' ഉൾപ്പെടെയുള്ള സിനിമകളിൽ ചെറിയ വേഷങ്ങളിലും ഇയാൾ അഭിനയിച്ചിട്ടുണ്ട്.



